ഇന്ത്യയിലെ മുസ്ലിം വ്യക്തി നിയമപ്രകാരം ഒരു മുസ്ലിം പുരുഷന് ഒരേ സമയം നാല് ഭാര്യമാർ വരെയാകാം. രണ്ടാം വിവാഹത്തിനു ആദ്യ ഭാര്യയുടെ അനുമതിയോ അറിവോ ആവശ്യമില്ല. ബഹുഭാര്യാത്വം ഇന്ത്യയിൽ ക്രിമിനൽ കുറ്റമാണെങ്കിലും മുസ്ലിം പുരുഷന് ഈ നിയമം ബാധകമല്ല. ഇന്ത്യയിലെ നിയമം ഇതാണെന്നിരിക്കെ മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിൽ ബഹുഭാര്യാത്വം സംബന്ധിച്ച നിയമം എന്താണെന്ന് അന്വേഷിക്കുന്നത് ഉചിതമായിരിക്കും.
അസർബൈജാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ബോസ്നിയ, ടുണിഷ്യ, തുർക്കി തുടങ്ങീ പല മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിലും ബഹുഭാര്യാത്വം നിയമവിരുദ്ധമാണ്. മുസ്തഫ കമാൽ അത്താതുർക്കിന്റെ കാലത്ത് നടന്ന മതേതരവൽകരണത്തിന്റെ ഭാഗമായാണ് തുർക്കിയിൽ ബഹുഭാര്യാത്വം നിരോധിക്കപ്പെട്ടത്. സോവിയറ്റ് സ്വാധീനമാണ് കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെസ്ക്കിസ്ഥാൻ എന്നീ മദ്ധ്യേഷ്യൻ രാജ്യങ്ങളിൽ ബഹുഭാര്യാത്വത്തിന്റെ നിരോധനത്തിൽ കലാശിച്ചത്. സോവിയറ്റ് യുണിയൻറെ തകർച്ചക്ക് ശേഷം ഇവിടങ്ങളിലെല്ലാം ബഹുഭാര്യാത്വം നിയമവിധേയമാക്കണമെന്ന മുറവിളി ഉയർന്നിരുന്നു. നിയമഭേദഗതിക്കായി പാർലെമെന്റുകളിൽ ബില്ലുകൾ അവതരിപ്പിച്ചുവെങ്കിലും ജനപിന്തുണ ഇല്ലാത്തതിനാൽ പരാജയപെടുകയാണുണ്ടായത്.
ബഹുഭാര്യാത്വം നിരോധിച്ച ആദ്യ അറബ് രാഷ്ട്രമാണ് ടുണിഷ്യ. ഫ്രാൻസിൽ നിന്നും സ്വാതന്ത്യ്രം ലഭിച്ച 1956ൽ തന്നെ ടുണിഷ്യ ബഹുഭാര്യാത്വം നിരോധിച്ചു. മറ്റു രാഷ്ട്രങ്ങൾ മതേതര കാരണങ്ങളാൽ ബഹുഭാര്യാത്വം നിരോധിച്ചപ്പോൾ അവരിൽ നിന്നും വിഭിന്നമായി മതപരമായ കാരണങ്ങൾ ചൂണ്ടികാണിച്ചാണ് ടുണിഷ്യ ബഹുഭാര്യാത്വം നിരോധിച്ചത്. ബഹുഭാര്യാത്വം ഇസ്ലാം വിരുദ്ധമാണെന്ന് വാദിക്കാൻ അവർക്ക് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, അനിയന്ത്രിതമായി വിവാഹം ചെയ്യൽ പതിവുണ്ടായിരുന്ന അറബ് ജനതയുടെ മേൽ ഒരേ സമയം നാലിൽ കൂടുതൽ ദാമ്പത്യം പാടില്ലെന്ന നിയമം കൊണ്ട് വരിക വഴി ബഹുഭാര്യാത്വത്തെ നിരുത്സാഹപ്പെടുത്തുകയാണ് ഇസ്ലാം ചെയ്തതെന്ന് അവർ വാദിക്കുന്നു. കാലക്രമേണ ബഹുഭാര്യാത്വം നിരോധിക്കണമെന്ന സന്ദേശം ഇസ്ലാം നൽകുന്നുണ്ടെന്നും അവർ വിശ്വസിക്കുന്നു. രണ്ട്, ബഹുഭാര്യാത്വത്തിൽ എല്ലാ ഭാര്യമാർക്കും തുല്യപരിഗണന നൽകണമെന്ന് ഖുർആൻ നിർദ്ദേശിക്കുന്നുണ്ട്. തുല്യ പരിഗണന നൽകാൻ ഒരിക്കലും സാധ്യമല്ലാത്തതിനാൽ ബഹുഭാര്യാത്വം ഇസ്ലാം വിരുദ്ധമാണെന്നാണ് ടുണിഷ്യ നൽകുന്ന വ്യാഖ്യാനം.
അറബ്, ആഫ്രിക്കൻ രാഷ്ട്രങ്ങളിൽ അധികവും ബഹുഭാര്യാത്വം നിരുപാധികം അനുവദിക്കുന്നവയാണ്. എന്നാൽ ഇറാൻ, പാക്കിസ്ഥാൻ, മാൽദീവ്സ്, സിങ്കപ്പൂർ* പോലുള്ള പല രാഷ്ടങ്ങളിലും ഒന്നാം ഭാര്യയുടെ മുൻകൂർ അനുമതിയില്ലാതെ ബഹുഭാര്യാത്വം അനുവദനീയമല്ല. മലേഷ്യയിലാവട്ടെ, ഒന്നാം ഭാര്യയുടെ മാത്രമല്ല സർക്കാർ അനുമതി കൂടി ഉണ്ടെങ്കിലെ രണ്ടാം വിവാഹത്തിന് സാധുത ലഭിക്കുകയുള്ളൂ. ബംഗ്ലാദേശിലും സമാനമായ നിയമമാണ് നിലവിലുള്ളത്. സർക്കാർ അനുമതിയില്ലാതെ നടക്കുന്ന രണ്ടാം വിവാഹം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ബംഗ്ലാദേശിൽ. ഇതിനു പുറമേ ചില പ്രാദേശിക ഭരണ സ്ഥാപനങ്ങൾ ഒന്നിലധികം ഭാര്യമാരുള്ളവരിൽ നിന്നും പ്രത്യേക നികുതിയും ചുമത്തുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലിങ്ങൾ അധിവസിക്കുന്ന ഇന്തോനേഷ്യയിലും സ്ഥിതി വിഭിന്നമല്ല. കർശന ഉപാധികളോടെ മാത്രമേ സർക്കാർ രണ്ടാം വിവാഹത്തിനു അനുമതി നൽക്കുകയുള്ളു. ഒന്നാം ഭാര്യയുടെ വന്ധ്യതയും, ശാരീരികവൈകല്യവും രണ്ടാം വിവാഹത്തിനു അനുമതി ലഭിക്കാവുന്ന കാരണങ്ങളാണ് ഇന്തോനേഷ്യയിൽ. സർക്കാർ ഉദ്യോഗസ്ഥർക്കും സൈനികർക്കും ബഹുഭാര്യാത്വം അനുവദനീയമല്ല താനും. ഒന്നിലധികം ഭാര്യമാരുള്ള രാഷ്ട്രീയക്കാർക്ക് വോട്ട് നൽകരുതെന്ന ഇന്തോനേഷ്യൻ വനിതാ സംഘടനകളുടെ ആഹ്വാനം ലോക ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. അത്തരത്തിലുള്ള രാഷ്ട്രീയക്കാരുടെ പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തു അവർ. മൊറോക്കോയിലും ഇറാഖിലെ കുർദിസ്ഥാൻ സ്വയം ഭരണമേഖലയിലും രണ്ടാം വിവാഹം സാധ്യമാവാത്ത വിധം കർശനമാണ് ബഹുഭാര്യാത്വത്തിനു അനുമതി ലഭിക്കാനുള്ള വ്യവസ്ഥകൾ. ആധുനികതയുടെ അളവ്കോൽ വെച്ച് നോക്കിയാൽ പല മുസ്ലിം രാഷ്ട്രങ്ങൾക്കും ബഹുദൂരം പിറകെയാണ് ബഹുഭാര്യാത്വ നിയമത്തിൻറെ കാര്യത്തിൽ ജനാധിപത്യ ഇന്ത്യ എന്ന് തീർപ്പ് കൽപിക്കേണ്ടി വരും.
*മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമല്ല സിങ്കപ്പൂർ.
