Pages

Monday, 4 April 2016

രാഷ്‌ട്രപതി ഭരണം അഥവാ . . . . . . . .!!

ഉത്തരാഘണ്ഡിലെ കോൺഗ്രസ്‌ സർക്കാറിനെ രാഷ്‌ട്രപതി പിരിച്ചുവിട്ട വാർത്ത പലരും ശ്രദ്ധിച്ച് കാണുമല്ലോ.ഒൻപതു കോൺഗ്രസ്‌ എമ്മല്ലെമാർ കൂറ് മാറിയതാണ് അവിടെ രാഷ്ട്രപതി ഭരണത്തിൽ കലാശിച്ചത്. ഭരണഘടനയുടെ അനുഛേദം 356 ആണ് സംസ്ഥാന മന്ത്രിസഭകളെ പിരിച്ചു വിടാൻ രാഷ്ട്രപതിയെ അധികാരപെടുത്തിയിട്ടുള്ളത്. ഗവർണറുടെയും കേന്ദ്ര മന്ത്രിസഭയുടെയും ശിപാർശ അനുസരിച്ചായിരിക്കും പിരിച്ചുവിടൽ. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ സംസ്ഥാനങ്ങളിലെ നിയമസഭകളെ താൽകാലികമായി മരവിപ്പികാനും രാഷ്ട്രപതിക്കാവും. രാഷ്ട്രപതി ഭരണം എന്നാണ് പേര് എങ്കിലും മന്ത്രിസഭയ്ക്ക് പകരം ഭരണം നടത്തുക ഗവർണറായിരിക്കും. നൂറിലധികം തവണ ഇന്ത്യയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തപ്പെട്ടിട്ടുണ്ട്. യു.പി.യിൽ മാത്രം പത്ത് തവണ അനുഛേദം 356 പ്രയോഗിക്കപ്പെട്ടപ്പോൾ ഒൻപത് തവണ രാഷ്ട്രപതി ഭരണം ഏറ്റുവാങ്ങിയ ബീഹാറാണ് രണ്ടാം സ്ഥാനത്ത്.                

ആദ്യ പരീക്ഷണം പഞ്ചാബിൽ 


പഞ്ചാബിലായിരുന്നു രാഷ്ട്രപതി ഭരണം ആദ്യമായി ഏർപ്പെടുത്തിയത്. പെപ്സു ആയിരുന്നു രണ്ടാം പരീക്ഷണ വേദി. (അങ്ങനെയും ഒരു സംസ്ഥാനം ഇന്ത്യയിൽ ഉണ്ടായിരുന്നു. പട്യാല ആൻഡ്‌ ഈസ്റ്റ്‌ പഞ്ചാബ്‌ സ്റ്റെയ്റ്റ്സ് യുണിയൻ എന്നതിന്റെ ചുരുക്കപേരാണ് പെപ്സു). തുടർന്ന് മുൻകാല സംസ്ഥാനങ്ങളായ ആന്ധ്രയിലും  തിരു-കൊച്ചിയിലും രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. അടുത്ത ഊഴം കേരളത്തിനായിരുന്നു. 1958ൽ ഇ.എം.എസ്. സർക്കാറിനെതിരെ കോൺഗ്രസ്സിന്റെ കാർമികത്വത്തിൽ വിമോചന സമരം പൊട്ടിപുറപ്പെട്ടു. സമരക്കാർക്ക് നേരെ അങ്കമാലിയിൽ നടന്ന വെടിവെപ്പിൽ ഏഴു പേർ കൊല്ലപ്പെട്ടത് കോൺഗ്രസ്‌ അവസരമായി കണ്ടു. ക്രമസമാധാന പാലനം തകർന്നെന്നാരൊപിച്ച് രാഷ്ട്രപതി ഭരണത്തിനായി കോൺഗ്രസ്‌ മുറവിളി കൂട്ടി. അന്നത്തെ കോൺഗ്രസ്‌ പ്രസിഡന്റ്‌ ഇന്ദിര ഗാന്ധിയുടെ സമ്മർദ്ദത്തിന് വഴങ്ങി പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു കേരള മന്ത്രിസഭ പിരിച്ചു വിടാൻ ശിപാർശ ചെയ്തതിന്റെ ഫലമായി കേരളത്തിൽ രാഷ്ട്രപതി ഭരണം നിലവിൽ വന്നു. പുതിയ ഒരു കാലഘട്ടത്തിന്റെ തുടക്കമായിരുന്നു അത്. കേന്ദ്ര ഭരണം ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളുടെ സംസ്ഥാന സർക്കാറുകളെ അട്ടിമറിക്കുന്ന കാലഘട്ടത്തിന്റെ തുടക്കം. തുടർന്നങ്ങോട്ട് നിയമസഭയിൽ ഭൂരിപക്ഷം ഉണ്ടായിരുന്നിട്ടും ഒരുപാട് സർക്കാറുകൾ അട്ടിമറിക്കപ്പെട്ടു.  

ഇന്ദിര ഗാന്ധിയുടെ ഭരണകാലത്ത് മാത്രം അൻപത് തവണയാണ് വിവിധ സംസ്ഥാനങ്ങളിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തപ്പെട്ടിട്ടുള്ളത്. തമിഴ്നാട്ടിൽ നാല് തവണ മന്ത്രിസഭ പിരിച്ചു വിട്ടതിൽ മൂന്ന് തവണയും മന്ത്രിസഭയ്ക്ക് നിയമസഭയിൽ  ഭൂരിപക്ഷം ഉണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് കേന്ദ്ര സർക്കാർ നൽകിയ നിർദേശങ്ങൾ നടപ്പാക്കാത്തതായിരുന്നു 1976ൽ തമിഴ്നാടിനെതിരെ ആരോപിച്ച കുറ്റം. തമിഴ് പുലികൾക്ക് സംസ്ഥാനത്ത് പിന്തുണ കൂടുന്നത് തടയുന്നതിൽ തമിഴ്നാട് സർക്കാർ പരാജയപ്പെട്ടു എന്നാരോപിച്ച് 1991 ലും രാഷ്‌ട്രപതി ഭരണം അടിച്ചേൽപ്പിച്ചു. ഉൾഫ തീവ്രവാദികളെ നേരിടുന്നതിൽ അസ്സം  സർക്കാർ പരാജയപ്പെട്ടു എന്നാരോപിച്ച് അസ്സം ഗണ പരിഷദ് സർക്കാറിനെ പിരിച്ചു വിട്ടത് 1991ൽ ആയിരുന്നു. സംസ്ഥാന കോൺഗ്രസ്‌ നേതാക്കളെ കോൺഗ്രസ്‌ ഹൈകമാന്റിന്റെ വരുതിയിൽ നിർത്താനും അനുഛേദം 356 ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. 1976ൽ ഒറീസ്സയിലും 1984ൽ സിക്കിമിലും അരങ്ങേറിയ അട്ടിമറികൾ ഹൈകമാൻറ് അപ്രമാദിത്വം നിലനിർത്താൻ ആസൂത്രണം ചെയ്യപ്പെട്ടവയായിരുന്നു.


കൂട്ട പിരിച്ചുവിടലുകൾ


ഇന്ദിര ഗാന്ധിയുടെ ഏകാധിപത്യത്തിനെതിരെയുള്ള വിധിയെഴുത്തായിരുന്നു 1977ലെ തിരഞ്ഞെടുപ്പ് ഫലം. സ്വന്തം മണ്ഡലമായ റായ് ബറേലിയിൽ പോലും ഇന്ദിര പരാജയത്തിന്റെ കയ്‌പ്പ്നീർ രുചിച്ചു. തുടർന്ന് അധികാരത്തിലേറിയ ജനത പാർട്ടിയും ജനാധിപത്യ സർക്കാറുകളെ അട്ടിമറിക്കുന്ന കാഴ്ചയാണ് പിന്നീട് ഇന്ത്യ കണ്ടത്. കോൺഗ്രസ്‌ ഭരിക്കുന്ന ഒൻപതു സംസ്ഥാന സർക്കാറുകളെയാണ് ജനാധിപത്യത്തിന്റെ പേരില് വോട്ട് വാങ്ങിയ മൊറാർജി ദേശായിയും കൂട്ടരും ചേർന്ന് ഒറ്റയടിക്ക് തള്ളിയിട്ടത്‌. മൊറാർജി ദേശായിയുടെ ഭരണം അധികകാലം നീണ്ടില്ല. 1980ൽ ഇന്ദിര ഗാന്ധി അധികാരത്തിൽ തിരിച്ചെത്തുകയും ജനതാ പാർട്ടിയെ അതേ  നാണയത്തിൽ തിരിച്ചടിക്കുകയും ചെയ്തു. ഒൻപതു ജനതാ സർക്കാറുകളെയാണ് ഇന്ദിര ഒറ്റയടിക്ക് കശാപ്പ് ചെയ്ത് കളഞ്ഞത്. ഇതോടെ കേന്ദ്രത്തിലെ ഭരണ മാറ്റത്തോടൊപ്പം സംഭവിക്കുന്ന സ്വാഭാവിക നടപടിയായി കൂട്ട പിരിച്ചു വിടലുകൾ മാറി. അടുത്ത കൂട്ട പിരിച്ചുവിടൽ നടന്നത് തീവ്രവാദികൾ ബാബരി മസ്ജിദ് തകർത്തതിനു ശേഷമായിരുന്നു. നിരോധിത സംഘടനയായ ആർ.ആർ.എസ്സിനോടുള്ള ആഭിമുഖ്യമാണ് നാല് ബി. ജെ. പി സർക്കാറുകളെ പിരിച്ചുവിടാൻ കാരണമായാത്. നരസിംഹറാഹു സർക്കാറിന്റെ ഈ തീരുമാനത്തിനെതിരെ ബി.ജെ.പി സുപ്രീം കോടതിയെ സമീപിച്ചുവെങ്കിലും പരാജയമായിരുന്നു ഫലം. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വമായ മതേതരത്വത്തിനെതിരെ പ്രവർത്തിക്കുന്ന സംസ്ഥാനങ്ങളെ പിരിച്ചു വിടാമെന്നാണ് പരമോന്നത കോടതി വിധിച്ചത്. 

എസ്.ആർ. ബൊമ്മെ കേസ്

എസ്.ആർ. ബൊമ്മെ
അനുഛേദം 356 ഇന്ത്യയിൽ ഒരിക്കലും ഉപയൊഗിക്കപെടില്ലെന്നാണ് ഭരണഘടനാ ശിൽപി ഡോ. അംബേദ്‌കർ വിശ്വസിച്ചിരുന്നതെങ്കിലും അത് ഒരുപാട് തവണ ദുരുപയോഗം ചെയ്യപെടുന്ന കാഴ്ച്ചയാണ് ജനാധിപത്യ ഇന്ത്യ പിന്നീട് കണ്ടത്. എസ്.ആർ. ബൊമ്മെ കേസിലാണ് അനുഛേദം 356ന്റെ ദുരുപയോഗം സുപ്രീം കോടതി നിയന്ത്രിക്കുന്നത്. എസ്.ആർ. ബൊമ്മെയുടെ നേതൃത്വത്തിലുള്ള കർണാടകയിലെ ജനതാ സർക്കാരിനുള്ള പിന്തുണ 19 ഭരണ കക്ഷി എമ്മെല്ലെമാർ പിൻവലിക്കുന്നതോടെയാണ് കേസ് അരംഭിക്കുന്നത്. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകണമെന്ന മുഖ്യമന്ത്രി എസ്.ആർ. ബൊമ്മെയുടെ അപേക്ഷ ഗൗനിക്കാതെ ഗവർണർ രാഷ്‌ട്രപതി ഭരണത്തിനു ശിപാർശ ചെയുന്നു. തുടർന്ന് രാഷ്‌ട്രപതി മന്ത്രിസഭ പിരിച്ചു വിടുന്നു. ഇതിനെതിരെ എസ്. ആർ. ബൊമ്മെ കർണാടക ഹൈകോടതിയിലും തുടർന്ന് സുപ്രീം കോടതിയിലും ഫയൽ ചെയത റിട്ട് ഹരജിയിലാണ് സംസ്ഥാന മന്ത്രിസഭകളെ തങ്ങളുടെ ഇഷ്ടാനുസരണം പിരിച്ചു വിടുന്ന കേന്ദ്ര നടപടിക്കെതിരെ സുപ്രീം കോടതി ശക്തമായ നിലപാട് സ്വീകരിച്ചത്. എസ്.ആർ. ബൊമ്മെ കേസിന് ശേഷം രാഷ്‌ട്രപതി ഭരണം നടപ്പാക്കൽ കുറഞ്ഞത് സുപ്രീം കോടതി എടുത്ത നിലപാട് ഫലപ്രദമായതിന്റെ തെളിവാണ്.  


             




                                                                                            



              


Sunday, 13 March 2016

ബഹുഭാര്യാത്വ നിയമം മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിൽ

ഇന്ത്യയിലെ മുസ്ലിം വ്യക്തി നിയമപ്രകാരം ഒരു മുസ്ലിം പുരുഷന് ഒരേ സമയം നാല് ഭാര്യമാർ  വരെയാകാം. രണ്ടാം വിവാഹത്തിനു ആദ്യ ഭാര്യയുടെ അനുമതിയോ അറിവോ ആവശ്യമില്ല. ബഹുഭാര്യാത്വം ഇന്ത്യയിൽ ക്രിമിനൽ കുറ്റമാണെങ്കിലും മുസ്ലിം പുരുഷന് ഈ നിയമം ബാധകമല്ല. ഇന്ത്യയിലെ നിയമം ഇതാണെന്നിരിക്കെ മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിൽ ബഹുഭാര്യാത്വം സംബന്ധിച്ച നിയമം എന്താണെന്ന് അന്വേഷിക്കുന്നത് ഉചിതമായിരിക്കും. 

അസർബൈജാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ബോസ്നിയ, ടുണിഷ്യ, തുർക്കി തുടങ്ങീ പല മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിലും ബഹുഭാര്യാത്വം നിയമവിരുദ്ധമാണ്. മുസ്തഫ കമാൽ അത്താതുർക്കിന്റെ കാലത്ത് നടന്ന മതേതരവൽകരണത്തിന്റെ ഭാഗമായാണ് തുർക്കിയിൽ ബഹുഭാര്യാത്വം നിരോധിക്കപ്പെട്ടത്. സോവിയറ്റ്‌ സ്വാധീനമാണ് കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെസ്ക്കിസ്ഥാൻ എന്നീ മദ്ധ്യേഷ്യൻ രാജ്യങ്ങളിൽ ബഹുഭാര്യാത്വത്തിന്റെ നിരോധനത്തിൽ കലാശിച്ചത്. സോവിയറ്റ്‌ യുണിയൻറെ തകർച്ചക്ക് ശേഷം ഇവിടങ്ങളിലെല്ലാം ബഹുഭാര്യാത്വം നിയമവിധേയമാക്കണമെന്ന മുറവിളി  ഉയർന്നിരുന്നു. നിയമഭേദഗതിക്കായി പാർലെമെന്റുകളിൽ ബില്ലുകൾ  അവതരിപ്പിച്ചുവെങ്കിലും ജനപിന്തുണ ഇല്ലാത്തതിനാൽ പരാജയപെടുകയാണുണ്ടായത്. 


ബഹുഭാര്യാത്വം നിരോധിച്ച ആദ്യ അറബ് രാഷ്ട്രമാണ് ടുണിഷ്യ. ഫ്രാൻ‌സിൽ നിന്നും സ്വാതന്ത്യ്രം ലഭിച്ച 1956ൽ തന്നെ ടുണിഷ്യ ബഹുഭാര്യാത്വം നിരോധിച്ചു. മറ്റു രാഷ്ട്രങ്ങൾ മതേതര കാരണങ്ങളാൽ ബഹുഭാര്യാത്വം നിരോധിച്ചപ്പോൾ അവരിൽ നിന്നും വിഭിന്നമായി മതപരമായ കാരണങ്ങൾ ചൂണ്ടികാണിച്ചാണ് ടുണിഷ്യ ബഹുഭാര്യാത്വം നിരോധിച്ചത്. ബഹുഭാര്യാത്വം ഇസ്ലാം വിരുദ്ധമാണെന്ന് വാദിക്കാൻ അവർക്ക് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, അനിയന്ത്രിതമായി വിവാഹം ചെയ്യൽ  പതിവുണ്ടായിരുന്ന അറബ് ജനതയുടെ മേൽ ഒരേ സമയം നാലിൽ കൂടുതൽ ദാമ്പത്യം പാടില്ലെന്ന നിയമം കൊണ്ട് വരിക വഴി ബഹുഭാര്യാത്വത്തെ നിരുത്സാഹപ്പെടുത്തുകയാണ് ഇസ്ലാം ചെയ്തതെന്ന് അവർ വാദിക്കുന്നു. കാലക്രമേണ ബഹുഭാര്യാത്വം നിരോധിക്കണമെന്ന സന്ദേശം ഇസ്ലാം നൽകുന്നുണ്ടെന്നും അവർ വിശ്വസിക്കുന്നു. രണ്ട്, ബഹുഭാര്യാത്വത്തിൽ എല്ലാ ഭാര്യമാർക്കും തുല്യപരിഗണന നൽകണമെന്ന് ഖുർആൻ നിർദ്ദേശിക്കുന്നുണ്ട്. തുല്യ പരിഗണന നൽകാൻ ഒരിക്കലും സാധ്യമല്ലാത്തതിനാൽ ബഹുഭാര്യാത്വം ഇസ്ലാം വിരുദ്ധമാണെന്നാണ് ടുണിഷ്യ നൽകുന്ന വ്യാഖ്യാനം.


അറബ്, ആഫ്രിക്കൻ രാഷ്ട്രങ്ങളിൽ അധികവും ബഹുഭാര്യാത്വം നിരുപാധികം അനുവദിക്കുന്നവയാണ്. എന്നാൽ ഇറാൻ, പാക്കിസ്ഥാൻ, മാൽദീവ്സ്, സിങ്കപ്പൂർ* പോലുള്ള പല രാഷ്ടങ്ങളിലും ഒന്നാം ഭാര്യയുടെ മുൻ‌കൂർ അനുമതിയില്ലാതെ ബഹുഭാര്യാത്വം അനുവദനീയമല്ല. മലേഷ്യയിലാവട്ടെ, ഒന്നാം ഭാര്യയുടെ മാത്രമല്ല സർക്കാർ അനുമതി കൂടി ഉണ്ടെങ്കിലെ രണ്ടാം വിവാഹത്തിന് സാധുത ലഭിക്കുകയുള്ളൂ. ബംഗ്ലാദേശിലും സമാനമായ നിയമമാണ് നിലവിലുള്ളത്. സർക്കാർ അനുമതിയില്ലാതെ നടക്കുന്ന രണ്ടാം വിവാഹം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ബംഗ്ലാദേശിൽ. ഇതിനു പുറമേ ചില പ്രാദേശിക ഭരണ സ്ഥാപനങ്ങൾ ഒന്നിലധികം ഭാര്യമാരുള്ളവരിൽ നിന്നും പ്രത്യേക നികുതിയും ചുമത്തുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലിങ്ങൾ അധിവസിക്കുന്ന ഇന്തോനേഷ്യയിലും സ്ഥിതി വിഭിന്നമല്ല. കർശന ഉപാധികളോടെ മാത്രമേ സർക്കാർ രണ്ടാം വിവാഹത്തിനു അനുമതി നൽക്കുകയുള്ളു. ഒന്നാം ഭാര്യയുടെ വന്ധ്യതയും, ശാരീരികവൈകല്യവും രണ്ടാം വിവാഹത്തിനു അനുമതി ലഭിക്കാവുന്ന കാരണങ്ങളാണ് ഇന്തോനേഷ്യയിൽസർക്കാർ ഉദ്യോഗസ്ഥർക്കും സൈനികർക്കും ബഹുഭാര്യാത്വം അനുവദനീയമല്ല താനും. ഒന്നിലധികം ഭാര്യമാരുള്ള രാഷ്ട്രീയക്കാർക്ക് വോട്ട് നൽകരുതെന്ന ഇന്തോനേഷ്യൻ വനിതാ സംഘടനകളുടെ ആഹ്വാനം ലോക ശ്രദ്ധ പിടിച്ച്‌ പറ്റിയിരുന്നു. അത്തരത്തിലുള്ള രാഷ്ട്രീയക്കാരുടെ പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തു അവർ.  മൊറോക്കോയിലും ഇറാഖിലെ കുർദിസ്ഥാൻ സ്വയം ഭരണമേഖലയിലും രണ്ടാം വിവാഹം സാധ്യമാവാത്ത വിധം കർശനമാണ് ബഹുഭാര്യാത്വത്തിനു അനുമതി ലഭിക്കാനുള്ള വ്യവസ്ഥകൾ. ആധുനികതയുടെ അളവ്കോൽ വെച്ച്  നോക്കിയാൽ പല മുസ്ലിം രാഷ്ട്രങ്ങൾക്കും ബഹുദൂരം പിറകെയാണ് ബഹുഭാര്യാത്വ നിയമത്തിൻറെ കാര്യത്തിൽ  ജനാധിപത്യ ഇന്ത്യ എന്ന് തീർപ്പ്  കൽപിക്കേണ്ടി വരും.  





*മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമല്ല സിങ്കപ്പൂർ.      



Wednesday, 17 February 2016

അന്യായ അറസ്റ്റുകൾക്കെതിരെ വിധി എഴുതിയ ന്യായാധിപനെ ഇന്ദിര ഗാന്ധി നേരിട്ടതെങ്ങിനെ?

ഇന്ത്യ കണ്ട ന്യായാധിപന്മാരിൽ തുല്യതയില്ലാത്ത ധീരനായിരുന്നു ജസ്റ്റിസ് ഹൻസ് രാജ് ഖന്ന. ഇദ്ദേഹത്തിന്റെ പ്രമുഖമായ രണ്ട് വിധികൾ ഇന്ദിര ഗാന്ധിയുടെ ഏകാധിപത്യ പ്രവണതകളെ ചോദ്യം ചെയ്യുന്നതായിരുന്നു. ഇന്ദിര ഗാന്ധി, തന്റെ ഇഷ്ടാനിഷ്ടങ്ങൾ നടപ്പിലാക്കാനായി  ഭരണഘടനയുടെ അന്തസത്ത ചോരും വിധം ഭരണഘടന ഭേദഗതി ചെയ്തുകൊണ്ടിരുന്നു. 1966 മുതൽ 1977 വരെയുള്ള കാലത്ത് മാത്രം ഇരുപത്തിനാലു  ഭരണഘടന ഭേദഗതികളാണ് പാർലമെന്റ് പാസാക്കിയത്. ഇതിലെ അപകടം മനസിലാക്കിയ സുപ്രീം കോടതി കേശവാനന്ദഭാരതി കേസിൽ   ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാർലമെന്റിന്റെ അധികാരത്തിനു മേൽ നിയന്ത്രണം കൊണ്ട് വന്നു. ഭരണഘടന  തന്റെ ഇച്ഛകൾക്കനുസരിച്ചു തിരുത്തി എഴുതാമെന്ന ഇന്ദിര ഗാന്ധിയുടെ മോഹത്തിനാണ് ഈ വിധിയോടെ തിരിച്ചടിയേറ്റത്. കേശവാനന്ദഭാരതി കേസിൽ ഗവണ്മെന്റിനെതിരെ വിധി എഴുതിയ ഏഴു ന്യായാധിപന്മാരിൽ പ്രധാനിയായിരുന്നു ജസ്റ്റിസ് ഹൻസ് രാജ് ഖന്ന.

ജസ്റ്റിസ് ഹൻസ് രാജ് ഖന്ന
ഇന്ദിര ഗാന്ധിയെ കൂടതൽ ചൊടിപ്പിച്ചത് ജസ്റ്റിസ് ഹൻസ് രാജ് ഖന്നയുടെ മറ്റൊരു വിധിയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത്‌ ആഭ്യന്തരസുരക്ഷാ പരിപാലന നിയമത്തിന്റെ കർക്കശ വകുപ്പുകൾ ചുമത്തി രാഷ്ട്രീയ എതിരാളികളെ അറസ്റ്റ്‌ ചെയ്യുന്നതിനെതിരെ  വിവിധ ഹൈകോടതികളിൽ റിട്ട് ഹരജികൾ ഫയൽ ചെയ്യപ്പെട്ടു. അടിയന്തരാവസ്ഥക്കാലത്ത്‌ ഫയൽ ചെയ്യപ്പെട്ട ഈ ഹരജികളുടെ നിയമസാധുത പരിശോധിക്കാനായി സുപ്രീം കോടതി മുതിർന്ന അഞ്ച്  ന്യായാധിപന്മാർ അടങ്ങുന്ന ഒരു പ്രത്യേക ബെഞ്ച്‌ രൂപികരിച്ചപ്പോൾ ജസ്റ്റിസ് ഹൻസ് രാജ് ഖന്നയും അതിൽ അംഗമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് റിട്ട് ഹരജികൾ ഫയൽ ചെയ്യാൻ പൗരന്‍ അവകാശമില്ലെന്ന കാരണത്താൽ അന്യായ അറസ്റ്റുകൾക്ക് നിയമസാധുത നൽകണമെന്നായിരുന്നു മറ്റു നാല്  ന്യായാധിപന്മാരുടെയും വിധി. നിയമശാസ്ത്രത്ത്തിന്റെ സാങ്കേതികത്വം പറഞ്ഞ് മനുഷ്യാവകാശം ലംഘിക്കാനാവില്ലെന്ന് ജസ്റ്റിസ് ഹൻസ് രാജ് ഖന്ന വിധിഴെയുതി.  

ഭൂരിപക്ഷ അഭിപ്രായത്തിനു മേൽ അപ്രസ്കതമാക്കപെട്ട ഈ വിധിക്ക് ജസ്റ്റിസ് ഹൻസ് രാജ് ഖന്ന നല്കിയ വില വളരെ വലുതായിരുന്നു. തനിക്ക് അർഹപെട്ട ചീഫ് ജസ്റ്റിസ്‌ പദവിയിൽ നിനും അദ്ദേഹം തഴയപെട്ടു. സീനിയോരിറ്റി ആയിരുന്നു അതുവരെയുള്ള കീഴ്വഴക്കം അനുസരിച്ചു ചീഫ് ജസ്റ്റിസ് ആകാനുള്ള യോഗ്യതയെങ്കിലും  ഇന്ദിര ഗാന്ധിയുടെ ഇടപെടൽ ആ കീഴ്വഴക്കം അട്ടിമറിച്ചു.  തന്നെക്കാൾ ജൂനിയറായ ജസ്റ്റിസ്  എം എച്ച് ബെഗ്ഗിനെ ചീഫ് ജസ്റ്റിസായി രാഷ്ട്രപതി ഫക്രുദീൻ അലി അഹമദ് നിയമിച്ചതിൽ പ്രതിഷേധിച്ച് അദ്ദേഹം സുപ്രീം കോടതിയിൽ നിന്നും രാജി വെച്ചത് ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ കറുത്ത അധ്യായമായി കരുതപെടുന്നു. ജ്യുഡീഷറിയുടെ സ്വാതന്ത്ര്യം തകർക്കുന്ന ഇന്ദിര ഗാന്ധിയുടെ ഈ നടപടിയിൽ പ്രതിഷേധിച്ച് രാജ്യമൊന്നാകെയുള്ള അഭിഭാഷകർ തെരുവിലിറങ്ങി.

ചരൺ സിംഗ് മന്ത്രിസഭയിൽ മൂന്ന് ദിവസം നിയമമന്ത്രിയായി പ്രവർത്തിച്ച അദ്ദേഹം 1982ൽ ഗ്യാനി സയ്ൽ സിങ്ങിനെതിരെ പ്രതിപക്ഷ പാർടികളുടെ സ്ഥാനാര്ത്ഥിയായി രാഷ്ട്രപതി  തിരഞ്ഞെടുപ്പിൽ മത്സരിച്ചുവെങ്കിലും പരാജയപെട്ടു. 2008ൽ  ലോകത്തോട് വിട പറഞ്ഞ ഈ നിയമപ്രതിഭയെ തേടി  പത്മവിഭൂഷൻ ഉൾപടെ നിരവധി അംഗീകാരങ്ങൾ   എത്തിയിട്ടുണ്ട്. 


Tuesday, 16 February 2016

രാഷ്ട്രീയമായി നേരിടുക വിഘടനവാദത്തെ

ഒരുപാട് സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ് ഇന്ത്യാ രാജ്യം. സംസ്ഥാനങ്ങൾക്ക് യൂണിയനിൽ നിന്ന് വിട്ട് പോകാനുള്ള അധികാരമില്ല. കേന്ദ്രത്തിനാവട്ടെ, ഏതെങ്കിലുമൊരു സംസ്ഥാനത്തിന് വിടുതൽ നൽകാനും അധികാരമില്ല. വിഘടനവാദത്തെ നേരിടാൻ ഭരണഘടനക്കകത്ത് റഫറണ്ടം-സംവിധാനം ഉണ്ടായിരുനെങ്കിൽ ഭൂരിപക്ഷത്തിന്റെ പിന്തുണ ഇല്ലാതെ നടക്കുന്ന സായുധ കലാപങ്ങളെ ജനാധിപത്യപരമായി നേരിടാൻ ഇന്ത്യക്കാകുമായിരുന്നു. വിഘടനവാദ മേഖലകളിലെ സൈനിക വിന്യാസം ഒഴിവാക്കാനും സഹായകരമാകും. കേന്ദ്രത്തിൽ നിന്നു അവഗണന നേരിടുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തോട് വിലപേശാൻ ഒരു വജ്രായുധവും ലഭിക്കും.
നിക്കോള സ്റ്റർജെൻ 
ആധുനിക ജനാധിപത്യരാജ്യം വിഘടനവാദത്തെ നേരിടേണ്ടത് രാഷ്ട്രീയപരമായാണ്. സൈനിക ഇടപെടൽ പ്രശ്നത്തെ കൂടുതൽ അപകടകരമാക്കാനേ ഉപകരിക്കൂ. സ്കോട്ടിഷ് വിഘടനവാദത്തെ എത്രെ ജനാധിപത്യപരമായാണ് യു .കെ. നേരിട്ടത് എന്ന് നോക്കൂ. വിഘടനവാദ നേതാവ് നിക്കോള സ്റ്റർജെന് ആ രാഷ്ട്രീയം ഉപേക്ഷികാതെ തന്നെ സ്കോട്ട്ലണ്ട് ഫസ്റ്റ് മിനിസ്റ്റെർ ആകാൻ കഴിയും വിധമാണ് അവിടങ്ങളിലെ രാഷ്ട്രീയ സംവിധാനം. ഇന്ത്യയിൽ ആവട്ടേ രാജ്യദ്രോഹവും. അത് എത്രെ തന്നെ സമാധാനപരമായിരുന്നാലും ശരി.


കൊണ്ടമിനിയം എന്നാൽ എന്ത് ?

ഒന്നിലധികം രാഷ്ട്രങ്ങൾ ചേർന്ന് ഒരു ഭൂപ്രദേശം ഭരിക്കുന്ന രാഷ്ട്രീയ സംവിധാനമാണ് കൊണ്ടമിനിയം. അധികാരം പങ്കിടാൻ ധാരണയിലെത്തിയ രാഷ്ട്രങ്ങൾക്ക് കൊണ്ടമിനിയത്തിൽ തുല്യ അവകാശമുണ്ടായിരിക്കും. കൊണ്ടമിനിയത്തിനു മേൽ അധിപത്യം സ്ഥാപിക്കാനുള്ള അംഗരാഷ്ട്രങ്ങളുടെ ശ്രമങ്ങൾ പലപ്പോഴും തർക്കങ്ങൾക്ക് ഹേതുവാകാറുണ്ട്. കൊണ്ടമിനിയത്തിന്റെ അന്ത്യമായിരിക്കും ഈ തർക്കങ്ങളുടെ പരിണിതഫലം. അന്റാർറ്റികയാണ് കൊണ്ടമിനിയത്തിനു നിലവിലുള്ള മികച്ച ഉദാഹരണം. അൻപതിമൂന്ന് രാഷ്ട്രങ്ങൾ ചേർന്നാണ് അന്റാർറ്റിക ഭരിക്കുന്നത്‌. 1876 മുതൽ 1882 വരെ ഈജിപ്റ്റ്‌ യു. കെ യുടെയും ഫ്രാൻസിന്റെയും കൊണ്ടമിനിയമായിരുന്നു. 

നെഹ്‌റു ഷെയ്ഖ് അബ്ദുള്ളയോടൊപ്പം 
ഇന്ത്യയുടെയും പാകിസ്ഥാന്റെയും കൊണ്ടമിനിയമായി കാശ്മീരിനെ മാറ്റണമെന്ന നിര്ദേശം ഷൈഖ് അബ്ദുള്ളയും സി രാജഗോപാലാചാരിയും നെഹ്രുവിനു മുന്നിൽ സമർപിച്ചിരുന്നു. നെഹ്‌റു ആകട്ടെ ഈ നിർദേശത്തിൽ ഏറ കുറെ തൽപരനുമായിരുന്നു. കൊണ്ടമിനിയത്തിന്റെ ഭരണഘടനാ സാധുതയെ കുറിച്ച പഠിക്കാൻ വിദഗ്‌ദ്ധരെ ചുമതലപെടുത്തുകയും ചെയ്തു. നിർദിഷ്ട് കാശ്മീർ കൊണ്ടമിനിയത്തിന്റെ സാധ്യതകളെ കുറിച്ച് അന്നത്തെ പാക്കിസ്ഥാൻ ഭരണാധികാരി അയ്യുബ് ഖാനുമായി ചർച്ച ചെയ്യാൻ ഷൈഖ് അബ്ദുള്ളയെ റാവൽപിണ്ടിയിലേക്ക് അയക്കുകയും ചെയ്തു. നിർദിഷ്ട് കാശ്മീർ കൊണ്ടമിനിയത്തിന് മേൽ ഇന്ത്യ അധിപത്യം സ്ഥാപിക്കുമെന്ന കാരണം പറഞ്ഞ്‌ ഈ നിർദേശം തള്ളികളയാനായിരുന്നു അയ്യുബ് ഖാൻ താൽപര്യം കാണിച്ചത്. ചർച്ച പൂർത്തിയാക്കി ഷൈഖ് അബ്ദുള്ള ഇന്ത്യയിൽ തിരിച്ചെത്തും മുൻപേ നെഹ്രു  മരണമടഞ്ഞു. ഒപ്പം കാശ്മീർ കൊണ്ടമിനിയം എന്ന ആശയവും.


Related Posts Plugin for WordPress, Blogger...

Popular Posts